Thanks for watching! Content unlocked for this session.

വാഹന മോഡിഫിക്കേഷൻ: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൗജന്യ സേവനവുമായി ഓഫ്റോഡ് കൂട്ടായ്മ

വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷൻ അനുവദിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേരള മോട്ടോർ സ്പോർട്സ് സൊസൈറ്റി രംഗത്ത്. വാഹനങ്ങൾ ഭംഗിപിടിപ്പിക്കുന്നതും (ബ്യൂട്ടിഫിക്കേഷൻ) ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുന്നതും (മോഡിഫിക്കേഷൻ) രണ്ടായി കാണണമെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സുജീഷ് കോലത്തോടി വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ഒരു രൂപ പോലും ചിലവില്ലാതെ സൗജന്യ സേവനം നൽകാൻ ഓഫ്റോഡ് കൂട്ടായ്മ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഓഫ്റോഡ് വാഹനങ്ങളിൽ വരുത്തുന്ന സസ്പെൻഷൻ മാറ്റങ്ങൾ, വിഞ്ച്, സ്നോർക്കൽ, മഡ് ടയറുകൾ തുടങ്ങിയവ കേവലം കാഴ്ചയ്ക്കപ്പുറം അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ വേഗത്തിൽ പുറത്തെടുക്കാനും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാനും ഇത്തരം മോഡിഫിക്കേഷനുകൾ സഹായിക്കും. നിയമങ്ങൾ അനുസരിച്ച് നിലവിൽ ഇത്തരം വാഹനങ്ങൾ ഫ്ലാറ്റ് ബെഡ് ട്രക്കുകളിലാണ് ട്രാക്കുകളിലേക്ക് എത്തിക്കുന്നത്.

ഫോറസ്റ്റ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാർക്ക് സൗജന്യ ഓഫ്റോഡ് ഡ്രൈവിംഗ് പരിശീലനം നൽകാൻ തയ്യാറാണെന്ന് കാണിച്ച് സൊസൈറ്റി സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ മഡ് ആൻഡ് റോക്ക് അക്കാദമി, കോട്ടയത്തെ ആർഎൻടി അക്കാദമി തുടങ്ങിയവ വഴി ഇതിനുള്ള പരിശീലനം നൽകാം. തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് മാസ് പെറ്റീഷൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.