കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ചാലും അത് കയ്യിൽ നിൽക്കാതെ പോകുന്ന അവസ്ഥ പലരെയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള ജ്യോതിഷപരമായ കാരണങ്ങളും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള ലളിതമായ പരിഹാരങ്ങളും പങ്കുവെക്കുകയാണ് പ്രശസ്ത ജ്യോതിഷൻ കൈപ്പകശ്ശേരി ഗോവിന്ദൻ തിരുമേനി.
ഒരാളുടെ ജാതകത്തിലെ രണ്ടാം ഭാവമാണ് ധനസ്ഥാനത്തെ സൂചിപ്പിക്കുന്നത്. രണ്ടാം ഭാവത്തിനോ രണ്ടാം ഭാവാധിപനോ ബലമില്ലെങ്കിൽ സമ്പത്ത് കയ്യിൽ നിലനിൽക്കില്ലെന്ന് തിരുമേനി വ്യക്തമാക്കുന്നു. കൂടാതെ, മറ്റുള്ളവരെ ചതിച്ചോ കണ്ണീര് കുടിപ്പിച്ചോ നേടുന്ന പണം നിലനിൽക്കില്ലെന്നും, സത്യസന്ധമായ രീതിയിൽ സമ്പാദിക്കുന്ന ‘മഹത്ധനം’ മാത്രമേ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
സാമ്പത്തിക ക്ലേശങ്ങൾ അകറ്റാൻ ലക്ഷ്മി ദേവിയുടെയും വിഷ്ണു ഭഗവാന്റെയും ഉപാസനയാണ് ഏറ്റവും ഉത്തമം. കനകധാരാ സ്തോത്രം, അഷ്ടലക്ഷ്മി സ്തോത്രം, നാരായണീയം എന്നിവ ജപിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ഇതിനൊപ്പം വളരെ ലളിതമായി ജപിക്കാവുന്ന ‘ശ്രീം നമഃ’ എന്ന മന്ത്രം ദിവസവും 108 തവണ ഉരുവിടുന്നതും, സമ്പാദ്യത്തിൽ നിന്ന് ഒരു ചെറിയ പങ്ക് ദാനധർമ്മങ്ങൾക്കായി മാറ്റിവെക്കുന്നതും ലക്ഷ്മീദേവിയുടെ അനുഗ്രഹം സിദ്ധിക്കാൻ സഹായിക്കും.