കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് തയ്യാറാക്കിയ ധവളപത്രത്തിൽ ധനവകുപ്പിലെ രഹസ്യരേഖകൾ എഐ (കൃത്രിമബുദ്ധി) പ്ലാറ്റ്ഫോമുകൾ വഴി ചോർത്തിയതായി മുൻ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. എഐ ടൂളുകൾ ഉപയോഗിച്ച് തയ്യാറാക്കിയ 195 പേജുള്ള ഈ റിപ്പോർട്ട് വഴി അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ പബ്ലിക് ഡൊമെയ്നിലേക്ക് നൽകിയതായും ഇത് ഡിജിറ്റൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമങ്ങളുടെ ലംഘനമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും കേന്ദ്ര-സംസ്ഥാന ധനകാര്യ വകുപ്പുകളുടേയും വിലക്കുകൾ ലംഘിച്ചാണ് ഈ വിശകലനം നടന്നിട്ടുള്ളതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ആർബിഐ ഡേറ്റയെ മാത്രം ആശ്രയിച്ച് എഐ തയ്യാറാക്കിയ റിപ്പോർട്ടിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ഉൾപ്പെടാത്തതിനാൽ വികസന ചെലവ് പകുതിയായി കുറച്ചുകാണിക്കുന്ന വലിയ അബദ്ധങ്ങൾ കടന്നുകൂടിയിട്ടുണ്ട്. സെക്രട്ടറിയറ്റിൽ നിന്ന് ഔദ്യോഗിക രേഖകൾ നിരന്തരം ചോരുന്നതിലുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് മുൻ ധനമന്ത്രിയുടെ ഈ പുതിയ വെളിപ്പെടുത്തൽ.