2014 മുതൽ ഇന്ത്യയിലെ ഏകദേശം 78 ഓളം ബാങ്കുകളുടെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ഇവയിൽ ഭൂരിഭാഗവും അർബൻ കോർപ്പറേറ്റീവ് (സഹകരണ) ബാങ്കുകളാണ്. ബാങ്കുകൾ ഇത്തരത്തിൽ അടച്ചുപൂട്ടുന്നത് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സാധാരണക്കാരായ ഇടപാടുകാരിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ബാങ്കുകൾ പൂട്ടിയാലും നിക്ഷേപകരുടെ പണം സംരക്ഷിക്കാൻ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (DICGC) വഴി നിലവിൽ സുരക്ഷാ സംവിധാനമുണ്ട്. ഇതനുസരിച്ച് ഒരു ബാങ്കിലെ നിങ്ങളുടെ നിക്ഷേപത്തിന് (മുതലും പലിശയും ഉൾപ്പെടെ) പരമാവധി 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ 5 ലക്ഷത്തിന് മുകളിലുള്ള തുക തിരികെ ലഭിക്കണമെങ്കിൽ ബാങ്കിന്റെ ആസ്തികൾ വിറ്റഴിക്കുന്ന പ്രക്രിയ പൂർത്തിയാകേണ്ടതുണ്ട്, ഇതിന് വർഷങ്ങൾ എടുത്തേക്കാം. ഈ 5 ലക്ഷം രൂപയുടെ പരിധി ഒരു ബാങ്കിന് മുഴുവനായാണ് ബാധകം, അല്ലാതെ ഒരു ബാങ്കിന്റെ വിവിധ ശാഖകൾക്കല്ല.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ബാങ്ക് ക്ലോഷറുകൾ നടന്നിട്ടുള്ളത്. രാഷ്ട്രീയ സ്വാധീനത്തിലൂടെയുള്ള വായ്പ നൽകൽ, ആർബിഐയുടെയും സംസ്ഥാന സർക്കാരുകളുടെയും ഇരട്ട നിയന്ത്രണം, സാങ്കേതികവിദ്യയിലെ പിന്നോക്കാവസ്ഥ എന്നിവയാണ് ഇത്തരം ബാങ്കുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. കേരളത്തിൽ ‘അടൂർ കോർപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്’, തിരുവനന്തപുരത്തെ ‘ദി അനന്തശയനം കോർപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്’ എന്നീ രണ്ട് ബാങ്കുകളുടെ ലൈസൻസ് മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വലിയ തുകകൾ ഒറ്റ ബാങ്കിൽ നിക്ഷേപിക്കാതെ വ്യത്യസ്ത ബാങ്കുകളിലായി 5 ലക്ഷം രൂപയിൽ താഴെയുള്ള ഭാഗങ്ങളായി നിക്ഷേപിക്കുന്നത് നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാക്കാൻ സഹായിക്കും.